തമിഴ്നാട്ടിലെ അമ്മ ക്യാന്റീനുകളുടെ മാതൃകയില്‍ കേരളത്തിലും ന്യായവില ഹോട്ടലുകള്‍ ആരംഭിക്കാന്‍ ആലോചന. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനാണ് ഇത്തരമൊരു ആശയം സര്‍ക്കാരിന്റെ മുന്നില്‍വെച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 30ന് ചേരുന്ന യോഗത്തില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയുണ്ടായാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ ചര്‍ച്ച നടത്തി ഭക്ഷ്യവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഓണസമ്മാനമായി പദ്ധതി പ്രഖ്യാപിച്ചേക്കും.
തമിഴ്നാട്ടിലെ 'അമ്മ', മഹാരാഷ്ട്രയിലെ 'പ്രിയദര്‍ശിനി' ഹോട്ടലുകളുടെ മാതൃകയിലാണ് സംസ്ഥാന സര്‍ക്കാരും ഹോട്ടലുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നത്. ന്യായവില ഹോട്ടലുകള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യും.
സര്‍ക്കാരിന് ബാധ്യതയാകാതെ സപ്ലൈകോയിലെ സാധനങ്ങള്‍ നല്‍കിയാകും ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഇതോടെ ജനങ്ങള്‍ക്ക് ന്യായവിലയില്‍ ഭക്ഷണം ലഭിക്കുമെന്നതിന് പുറമേ, സപ്ലൈകോയുടെ വിറ്റുവരവ് വര്‍ദ്ധിക്കുമെന്നതും നേട്ടമാണ്. അര്‍ഹരായവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ന്യായവിലയിലും ഭക്ഷണം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായാണ് ന്യായവില ഹോട്ടലുകളും ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.


Post A Comment:
0 comments: