നടന്‍ നിവിന്‍ പോളിക്കെതിരെ ആരോപണവുമായി പ്രമുഖ സിനിമാ വാരികയായ നാന. സിനിമയുടെ നിര്‍മാതാവ് അനില്‍ അമ്പലക്കരയും സംവിധായകന്‍ ശ്യാമപ്രസാദും സമ്മതം നല്‍കിയിട്ടും നിവിന്‍ പോളി ലൊക്കേഷനില്‍ നിന്ന് ചിത്രം പകര്‍ത്തുന്നത് വിലക്കിയെന്നാണ് ആരോപണം. നിവിന്‍ പോളിയുടെ ഈ പ്രവണത മലയാള സിനിമയ്ക്ക് ഭൂഷണമോ?’ എന്ന തലക്കെട്ടിലാണ് നാനയുടെ ആരോപണങ്ങള്‍
നനയിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് .
രണ്ടാഴ്ച മുമ്പാണ് ടൈറ്റസ് വര്‍ഗ്ഗീസ് വിളിച്ചത്. ടൈറ്റസിനെ ഞങ്ങളറിയും. കൊല്ലത്തുകാരനാണ്. സിനിമാപ്രവര്‍ത്തകനും. നിവിന്‍പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ ഷൂട്ടിംഗ് എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തുവെന്നും അത് കവര്‍ ചെയ്യാന്‍ എത്തണമെന്നും ആവശ്യപ്പെട്ടാണ് ടൈറ്റസ് വിളിച്ചത്.
ചിത്രത്തില്‍ നിവിന്റെ നായികയായി അഭിനയിക്കുന്ന തൃഷയും രണ്ടുദിവസത്തെ വര്‍ക്കിനായി എത്തുന്നുണ്ടെന്നും അവര്‍ കൂടിയുള്ള ദിവസം വന്നാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവ് അനില്‍ അമ്പലക്കര പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ടൈറ്റസ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ മീഡിയ കോ-ഓര്‍ഡിനേറ്ററാണ് ടൈറ്റസ്.സ്ഥിരീകരണത്തിനായി ഞങ്ങള്‍ അനിലിനെ തന്നെ നേരിട്ട് വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. രണ്ട് ആവര്‍ത്തിയായപ്പോള്‍ ആ ശ്രമം തന്നെ ഉപേക്ഷിച്ചു.
എന്നാല്‍ അടുത്തദിവസം രാവിലെ അനില്‍ ഞങ്ങളെ തിരിച്ചുവിളിച്ചു. ഞങ്ങള്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ കഴിഞ്ഞെന്നും ഇനി മീഡിയയെ കവര്‍ ചെയ്യാന്‍ അനുവദിക്കുകയാണെന്നുമാണ് അനില്‍ ആമുഖമായി പറഞ്ഞത്.
‘ആഗസ്റ്റ് എട്ടും ഒമ്പതും തീയതികളിലാണ് തൃഷയുള്ളത്. നിങ്ങള്‍ ആ ദിവസങ്ങളില്‍ വന്നാല്‍ ഞാനും അവിടെയുണ്ടാകും. എല്ലാ സൗകര്യങ്ങളും ചെയ്തുതരാം.’ അനില്‍ വാഗ്ദാനം ചെയ്തു. ഏഴാം തീയതിതന്നെ ഞങ്ങള്‍ എറണാകുളത്തെത്തി. ഷൂട്ടിംഗ് ലൊക്കേഷന്‍ ചെറായി ബീച്ചാണ്. എറണാകുളത്തുനിന്ന് മുപ്പത് കിലോമീറ്ററോളം യാത്ര തന്നെയുണ്ട് ചെറായിയിലേക്ക്. അടുത്തദിവസം രാവിലെ തന്നെ ഞങ്ങള്‍ ചെറായിയിലേക്ക് പോയി. പത്തുമണിയായപ്പോള്‍ ലൊക്കേഷനിലെത്തി.
കാറ്റാടി മരങ്ങള്‍ നിറഞ്ഞ വിശാലമായ കടല്‍ത്തീരം. അവിടെ മനോഹരമായൊരു സെറ്റ് തീര്‍ത്തിരിക്കുന്നു. വിവാഹവേദിയുടെ കെട്ടും മട്ടും അലങ്കാരങ്ങളും. ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. കടലിനഭിമുഖമായി ഒരു കസേരയില്‍ ശ്യാമപ്രസാദ് ഇരിക്കുന്നു. ലൗഡ് സ്പീക്കറിലൂടെ ഒഴുകിയെത്തുന്ന ഒരു ബാന്റ് മ്യൂസിക് ആസ്വദിക്കുകയാണ് അദ്ദേഹം. ഞങ്ങളെ കണ്ടപ്പോള്‍ ശ്യാം പാട്ടിന്റെ ലഹരിയില്‍ നിന്നുണര്‍ന്നു. പിന്നെ ഹസ്തദാനത്തോടെ ഹാര്‍ദ്ദവമായ സ്വീകരണം. സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. ഗോവയില്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്ന ഗാനരംഗമായിരുന്നു എന്നും അവിടെ മഴക്കാലമെത്തിയതോടെ ഇങ്ങോട്ടേയ്ക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വന്നു എന്നുമാണ് ശ്യാം പറഞ്ഞത്.
ഇതിനിടെ അനില്‍ അമ്പലക്കരയും എത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍നിന്നുള്ള ഉണ്ണിയപ്പവുമായിട്ടാണ് വരവ്. അത് ലൊക്കേഷനിലുള്ള എല്ലാവര്‍ക്കുമായി വിതരണം ചെയ്തു. അനില്‍ നിറഞ്ഞ സന്തോഷത്തിലായിരുന്നു. തൃഷയുടെ പടമെടുക്കാനുള്ള സൗകര്യം അവരുടെ മാനേജരോട് പറഞ്ഞ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അനില്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. പന്ത്രണ്ട് മണിയായി ഷൂട്ടിംഗ് ആരംഭിക്കാന്‍. ആദ്യമെത്തിയത് തൃഷയായിരുന്നു. ഒരു ചുവന്ന ഗൗണായിരുന്നു അവര്‍ ധരിച്ചിരുന്നത്. പിന്നാലെ നിവിനുമെത്തി. ഒരു ബ്രേക്കിനിടെ നാനയുടെ ഫോട്ടോഗ്രാഫര്‍, നിവിന്റെ പടമെടുക്കാന്‍ ഒരുങ്ങി. പെട്ടെന്ന് നിവിന്‍ വിലക്കി. ‘ചേട്ടാ പടത്തിന്റെ ഒരു സ്റ്റില്‍സുപോലും ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് പടമെടുക്കരുത്.’ അദ്ദേഹം ക്യാമറ താഴ്ത്തി. അല്‍പ്പം നിരാശയോടെ. നിര്‍മ്മാതാവ് അനില്‍ തൊട്ടടുത്തുണ്ട്. നിവിന്റെ നിസ്സഹകരണം അറിഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തും കരിനിഴല്‍ വീണു.
ഒരല്‍പ്പം കഴിഞ്ഞില്ല. ഞങ്ങളുടെ അടുത്തേയ്ക്ക് തൃഷയുടെ മാനേജര്‍ എത്തി. തൊട്ടുമുമ്പുവരെയും അയാള്‍ തൃഷയ്ക്കും നിവിനുമൊപ്പമുണ്ടായിരുന്നു. വന്നപാടെ അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
‘നിവിനും തൃഷയും ഒരുമിച്ച് ഒരു തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതേവരെ പുറത്തിറങ്ങിയിട്ടില്ല. അതിറങ്ങിയ ശേഷം, അവര്‍ ഒരുമിച്ചുള്ള പടം പുറത്തുവിട്ടാല്‍ മതിയെന്നാണ് പറയുന്നത്. എന്നുമാത്രമല്ല തൃഷ അണിഞ്ഞിരിക്കുന്ന ഗൗണും അത്ര നല്ലതല്ല. ചുണ്ടില്‍ ആവശ്യത്തിലധികം ലിപ്സ്റ്റിക്കുമുണ്ട്. അതുകൊണ്ട് പടമെടുക്കരുത്.’ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. പകരം വിവരം സംവിധായകനെ ധരിപ്പിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കൊപ്പം നിര്‍മ്മാതാവ് അനിലും വന്നു. ശ്യാമപ്രസാദിനെകണ്ട് കാര്യം പറഞ്ഞു. ‘ഇന്നത്തെ തലമുറയല്ലേ. അവര്‍ക്ക് ചില താല്‍പ്പര്യങ്ങളും രീതികളുമുണ്ട്. അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പോലും എഫക്ട്‌സൊക്കെ ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാനാണ് ഇഷ്ടം. എങ്കിലും നമുക്കൊന്ന് വെയിറ്റ് ചെയ്യാം. അവര്‍ ഒന്ന് സെറ്റിലാകട്ടെ.’ ശ്യാം പറഞ്ഞു.
ഞങ്ങള്‍ കാത്തിരുന്നു. സമയം പോകുന്നതല്ലാതെ തീരുമാനങ്ങളൊന്നുമുണ്ടാകുന്നില്ല. ഞങ്ങള്‍ വീണ്ടും ശ്യാമിനെ സമീപിച്ചിട്ടുപറഞ്ഞു. ‘നിവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിക്കാന്‍ പോകുകയാണ്. എന്നിട്ടെന്ത് വേണമെന്ന് തീരുമാനിക്കാം.’ ശരിയെന്ന് ശ്യാമും പറഞ്ഞു. നിവിനെ കണ്ട് ഫോട്ടോയെടുക്കാന്‍ കഴിയുമോയെന്ന് തിരക്കി. അപ്പോള്‍ നിവിന്റെ മറുപടി ഇങ്ങനെ.
‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിട്ട് ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ വന്നാല്‍ മതിയെന്നുള്ളത് ഡയറക്ടറുടെ തീരുമാനമാണ്.’ ഞങ്ങള്‍ പിന്നെ തര്‍ക്കിക്കാനൊന്നും നിന്നില്ല. ശ്യാമിനെകണ്ട് കാര്യം പറയുകയായിരുന്നു.
‘ഞാനങ്ങനെപറഞ്ഞിട്ടില്ല. പക്ഷേ എന്തുചെയ്യാന്‍ പറ്റും. ഇന്നത്തെ കുട്ടികള്‍ അങ്ങനെയായിപ്പോയില്ലേ? അവര്‍ക്കൊപ്പം ഞാനും നില്‍ക്കുന്നുണ്ടെന്നൊരു തോന്നല്‍ ഉണ്ടാക്കണമല്ലോ.’ നിസ്സഹായത നിറഞ്ഞതായിരുന്നു ശ്യാമപ്രസാദിന്റെ മറുപടി. പിന്നൊരു കലഹത്തിന് ഞങ്ങളും നിന്നില്ല. സന്തോഷപൂര്‍വ്വം അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങി.
കഴിഞ്ഞയാഴ്ച ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ സെറ്റ് കവറേജ് ചെയ്യാന്‍ പോയ ഞങ്ങള്‍ക്ക് നേരിട്ട അനുഭവമാണ് ഒരല്‍പ്പംപോലും നിറം കലരാതെ പറഞ്ഞത്. മാദ്ധ്യമപ്രവര്‍ത്തകരുടെ തൊഴിലിടങ്ങളില്‍പോലും അവരെ ജോലി ചെയ്യാന്‍ അനുവദിക്കാത്തവിധം നമ്മുടെ ന്യൂജനറേഷന്‍ താരങ്ങള്‍ വളര്‍ന്നിരിക്കുന്നു. അവരുടെ കപടമുഖത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാണ് ഇത്.
ആദ്യം ഫോട്ടോയെടുക്കരുതെന്ന് ഫോട്ടോഗ്രാഫറെ വിലക്കുന്ന നിവിന്‍ അതിന് കാരണമായി പറഞ്ഞത് ചിത്രത്തിന്റെ സ്റ്റില്‍സുകളൊന്നും പുറത്തുപോയിട്ടില്ലെന്നാണ്. എന്നാല്‍ സത്യം അതല്ല. അതിന്റെ തലേദിവസം തന്നെ നാനയടക്കമുള്ള പത്രമാധ്യമങ്ങളിലേക്ക് ഹേ ജൂഡിന്റെ ചിത്രങ്ങളും മാറ്ററുകളും പി.ആര്‍.ഒ വഴി എത്തിയിരുന്നു. കഴിഞ്ഞയാഴ്ച അത് അച്ചടിച്ചുവരികയും ചെയ്തു. ഇതും പോരാഞ്ഞിട്ടാണ് നിവിന്‍, തൃഷയുടെ മാനേജരെ ദൂതനായി ഞങ്ങളുടെ അടുത്തേയ്ക്ക് അയച്ചത്. തൃഷയും നിവിനും കൂടി ചേര്‍ന്നെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് അയാള്‍ ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞതും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നശേഷം അവരുടെ പടമെടുത്താല്‍ മതിയത്രെ.
പിന്നീട് ഇത് ക്ലാരിഫൈ ചെയ്യാന്‍ ചെന്ന ഞങ്ങളോട് നിവിന്‍ പറഞ്ഞത് സംവിധായകന്‍ സമ്മതിക്കാത്തതുകൊണ്ട് ഫോട്ടോയ്ക്ക് പോസുചെയ്യുന്നില്ലെന്നാണ്. അക്കാര്യം പിന്നീട് ശ്യാം തന്നെ നിഷേധിച്ചതോടെ പുറത്തുവന്നത് നിവിന്‍ എന്ന കലാകാരന്റെ ഇരട്ടമുഖമാണ്.
സത്യത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് തൃഷ പറഞ്ഞില്ല. നിര്‍മ്മാതാവ് പറഞ്ഞതനുസരിച്ച് അവര്‍ ഫോട്ടോയെടുക്കാന്‍ തയ്യാറുമായിരുന്നു. പക്ഷേ തൃഷയുടെ മനസ്സ് മാറ്റിച്ചത് ആരായിരുന്നു?
അടുത്തിടെ ഈ താരം തന്നെ നിര്‍മ്മിച്ച ഒരു ചിത്രമുണ്ട് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.’ അതില്‍ ഈ നടന്റെ അമ്മ വേഷം ചെയ്തത് ശാന്തികൃഷ്ണയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ നാളില്‍ ഒരിക്കല്‍ ശാന്തികൃഷ്ണയെ കാണാന്‍ ഞങ്ങള്‍ പോയി.
ഫോട്ടോഷൂട്ടിന്റെ കാര്യം ചര്‍ച്ചാവിഷയമായപ്പോള്‍ അവര്‍ പറഞ്ഞത് ‘ഈ സിനിമ റിലീസായതിന് ശേഷം മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്യാവൂ എന്ന് നിവിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്.’
ഉന്നതശീര്‍ഷരായ കലാകാരന്മാരും അവരുടെ ഉയര്‍ന്ന മനസ്സും അവരുടെ അക്ഷീണപ്രയത്‌നവും കൊണ്ട് കെട്ടിപ്പടുത്ത ഒരു മഹാസാമ്രാജ്യത്തിലെ അണുമാത്രമാണ് നടന്മാര്‍. അതിനുമേല്‍ ഒരു വിശേഷപ്പെട്ട സര്‍വ്വാധികാരവും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല.
സെറ്റ് കവര്‍ ചെയ്യേണ്ട എന്ന തീരുമാനം ശ്യാമിനും ഉണ്ടായിരുന്നില്ല. കാരണം അങ്ങനെയൊരു ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് മുന്‍കൂട്ടി ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങള്‍ക്ക് അതിന് അനുഭവവുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കവര്‍ ചെയ്യാനനുവദിച്ച സംവിധായകനാണദ്ദേഹം. ആകെ ഒരു നിയന്ത്രണം പറഞ്ഞത് ‘ഒരേ കടല്‍’, ‘അകലേ’ എന്നീ രണ്ട് സിനിമകളുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ മാത്രമായിരുന്നു.
ഈ കുലീനത്വം കാണിച്ച ശ്യാം പോലും നിവിന് മുന്നില്‍ കീഴടങ്ങുന്നതുകണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. ഒരു സിനിമയുടെ അന്തിമവാക്ക് എന്നും സംവിധായകന്‍ തന്നെയായിരിക്കണം. അയാളുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും വേണം അവിടെ നടപ്പിലാക്കാന്‍.
ഇനി ഇതിന് എല്ലാത്തിനും മുകളില്‍ ഒരാളുണ്ട്. പണ്ട് മുതലാളിമാര്‍ എന്ന ആദരവോടെ, വിശിഷ്ടമായ സ്ഥാനം നല്‍കി മലയാളസിനിമയെന്നല്ല ആ ഇന്‍ഡസ്ട്രി മുഴുവനായും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന ഒരു കൂട്ടരുണ്ട്- നിര്‍മ്മാതാക്കള്‍. അവരെപ്പോലും നിശബ്ദരാക്കാന്‍ പാകത്തില്‍ ഒരു നടന്‍ വളര്‍ന്നുവെങ്കില്‍ അതൊരു ആപല്‍സൂചനയാണ്. അത്തരക്കാര്‍ മലയാളസിനിമയ്ക്ക് ഒരു ശാപവുമാണ്
Post A Comment:
0 comments: