അമ്മേടെ ജിമിക്കി കമ്മല്‍ കട്ട് ബ്രാണ്ടികുപ്പി മേടിച്ച് പെട്ടുപോയ അച്ഛന്റെ കഥ വരികളായി വന്നപ്പോള്‍ അത് മലയാള സിനിമയില്‍ പുതുചരിത്രം കുറിക്കുകയായിരുന്നു. മലയാളക്കരയെന്നല്ല ലോകം മുഴുവന്‍ ആ പാട്ട് ഏറ്റുപാടി. പാട്ട് ഹിറ്റായതിന്റെ ക്രഡിറ്റ് മുഴുവന്‍ സംഗീത സംവിധായകന്‍ ഷാനിനും രചയിതാവ് അനില്‍ പനച്ചൂരാനുമാണ്. എന്നാല്‍ ജിമിക്കി ഹിറ്റായതിനെ കുറിച്ച് പറയുകയാണ് അനില്‍ പനച്ചൂരാന്‍. ‘കുറച്ചു കാലമായി ഞാനെന്നും ഒരു കാര്യം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. നൂറില്‍ കൂടുതല്‍ പാട്ട് എഴുതിയിട്ടുണ്ടെങ്കിലും നല്ലൊരു അടിച്ചുപൊളി താളം ഇതുവരെ കിട്ടിയിട്ടില്ല. ‘വ്യത്യസ്തനാമൊരു ബാലനൊക്കെ’യുണ്ടെങ്കിലും പിള്ളേരെ തുള്ളിക്കുന്നൊരു പാട്ടെഴുതണമെന്നായിരുന്നു കുറച്ച നാളായുള്ള മോഹം.
അതിന് കാരണം ആ തടിയനാ, ഗഗ്നം സ്‌റ്റൈല്‍ പാട്ടുകാരന്‍. ഏതുഭാഷയാണെന്ന് പോലും അറിയാതെ എല്ലാ പിള്ളേരും ആ പാട്ട് പാടുകയും അതിനൊത്ത് തുള്ളുകയും ചെയ്തപ്പോള്‍ എനിക്ക് ഭയങ്കര അസൂയയായിരുന്നു. അങ്ങനെയൊരു പാട്ട് നമുക്കും ഉണ്ടാക്കണം. ലോകത്തുള്ള എല്ലാവരും മലയാള ഭാഷയില്‍ അത് പാടണം എന്നൊരു തോന്നല്‍. ആ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സഫലമായത്. ആവേശവും വാശിയുമൊക്കെ ചേര്‍ത്ത് ഒരൊറ്റ പൂശായിരുന്നു’- വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പനച്ചൂരാന്‍ പറയുന്നു.
എന്റെ അമ്മയുടെ വീട് മണ്‍റോംതുരുത്തിനടുത്താണ്. ഞങ്ങളുടെ നാട്ടിലെ ജിമിക്കി പാട്ട് ഇങ്ങനെയായിരുന്നു. അങ്ങനെ പഴയ ജിമിക്കി പൊടിതട്ടിയെടുത്തപ്പോള്‍ കള്ളും കുപ്പി ബ്രാന്‍ഡിക്കുപ്പിയാക്കി മാറ്റി. എന്റപ്പന്‍ വേണോ നിന്റപ്പന്‍ വേണോ എന്നൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നു. കോളേജിലെ കുട്ടികള്‍ ചേര്‍ന്ന് പാടുന്ന പാട്ടല്ലേ അപ്പോ ‘നിന്റമ്മേടെ’ പറഞ്ഞാല്‍ മോശമാകും. എന്റമ്മേടെ ആണെങ്കില്‍ ആര്‍ക്കും ഉപദ്രവമില്ല. എന്റെ ആവേശം കണ്ടതിന് പിന്നാലെയാണ് ബാക്കി വരികള്‍കൂടി എഴുതാന്‍ ലാല്‍ ജോസ് പറഞ്ഞത്. എന്റെ മനസിലെ പ്രാര്‍ത്ഥന സഫലമാക്കിയ പാട്ടെന്ന നിലയില്‍ ജിമിക്കിയോട് ഒരുപാട് ഇഷ്ടമുണ്ടെന്നും അനില്‍ പനച്ചൂരാന്‍ പറയുന്നു.
Source : Dool
Post A Comment:
0 comments: