മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവും,മോഷ്ട്ടാക്കൾക്ക് മുട്ടൻ പണിയുമായി കേരള പൊലീസ്. കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്നതോ മോഷ്ടിക്കപ്പെടുന്നതോ ആയ മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്ബര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമക്ക് തിരികെ ലഭിക്കുന്നതിനും സഹായിക്കുന്ന പുതിയ വെബ് ആപ്ലിക്കേഷനുമായി കേരള പൊലീസ് രംഗത്ത്. പൊലീസിന്‍റെ സൈബര്‍ ഡോം ആവിഷ്കരിച്ച ഐ ഫോര്‍ മൊബ് എന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളുടെയും ടെക്നീഷ്യന്‍മാരുടെയും സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരെയും സൈബര്‍ ഡോമിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയും അടിയന്തിരഘട്ടങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയും പുതിയ പോര്‍ട്ടലിന്‍റെ ലക്ഷ്യമാണ്. മോഷണം പോകുന്നതും നഷ്‍ടപ്പെടുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ പൊലീസ് ഈ വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ റിപ്പയര്‍ ചെയ്യാനോ ടെക്നീഷ്യന്മാരിലേക്കെത്തിയാല്‍ ഈ വെബ് പോര്‍ട്ടല്‍ ഉപയോഗിച്ച് പൊലീസിന് അവയെ എളുപ്പത്തില്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കും.
സംസ്ഥാനത്തെ മൊബൈല്‍ ടെക്നീഷ്യന്മാരുടെ അസോസിയേഷനോട് അംഗങ്ങളെ പുതിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനിമുതല്‍ പൊലീസ് അനുമതി ഹാജരാക്കണമെന്ന നിബന്ധ ഉള്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ പൊലീസ് ഒരുങ്ങുന്നതായും സൂചനകളുണ്ട്
Post A Comment:
0 comments: